ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയെന്ന പരിവേഷം മൊസാദിന് ലഭിച്ചത് യഥാർത്ഥത്തിൽ അവരുടെ കാര്യക്ഷമത കൊണ്ടല്ല, മറിച്ച് പ്രൊപ്പഗണ്ടയുടെ ശക്തിയാണിത്.
കുവൈറ്റ് സിറ്റി, കുവൈറ്റ് 2026 ജൂലൈ 14 ALN: ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയെന്ന പരിവേഷം മൊസാദിന് ലഭിച്ചത് യഥാർത്ഥത്തിൽ അവരുടെ കാര്യക്ഷമത കൊണ്ടല്ലെന്ന് എഴുത്തുകാരനും പശ്ചിമേഷ്യൻ നിരീക്ഷകനുമായ സജി മാർക്കോസ്. ഇസ്രായേൽ തന്നെ നിർമ്മിച്ചെടുത്ത നിറംപിടിപ്പിച്ച പ്രൊപ്പഗണ്ടയാണ് അതിന് പിന്നിൽ. "ചെറിയ തിയേറ്റർ, വലിയ ശബ്ദം" എന്ന തന്ത്രത്തിലൂടെ ലോകത്തെ ഭയപ്പെടുത്തുന്ന ഒരു പ്രതിച്ഛായ നിർമ്മിച്ചെടുക്കുന്നതിൽ മൊസാദ് വിജയിച്ചിരിക്കുന്നു.
വെറും 13 ദിവസം കൊണ്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാൻ സൈന്യത്തെ സഹായിച്ച ഇന്ത്യൻ ഏജൻസിയായ 'റോ' നിശബ്ദത പാലിക്കുമ്പോൾ, ഓരോ ഓപ്പറേഷനും പുസ്തകങ്ങളും സിനിമകളുമാക്കി ലോകമെമ്പാടും വാർത്തയാക്കുകയാണ് മൊസാദ് ശൈലി. 'ആണ്ടി വലിയ അടിക്കാരനാണ് എന്ന് ആണ്ടി തന്നെ പ്രചരിപ്പിക്കുന്ന' തരത്തിലുള്ള ഒരു പി.ആർ തന്ത്രമാണിതെന്ന് സജി മാർക്കോസ് നിരീക്ഷിക്കുന്നു.
സ്വന്തം മൂക്കിന് താഴെ 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം പോലും മുൻകൂട്ടി അറിയാൻ കഴിയാത്തവർ എങ്ങനെയാണ് ഇന്നും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്? പരാജയങ്ങൾ മറച്ചുവെച്ചും വിജയങ്ങളെ ഊതിവീർപ്പിച്ചും അവർ കെട്ടിപ്പടുത്ത മിത്തുകളെ വിചാരണ ചെയ്യുകയാണ് ഫേസ്ബുക് കുറിപ്പിൽ.
ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസി ഏതാണ് എന്ന് ചോദിച്ചാൽ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും പറയുന്ന ഒരുത്തരമുണ്ട്- മൊസാദ്. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേസമയം, ഇന്ത്യൻ ഇന്റലിജൻസ് ഏജന്സിയെയുടെ പ്രവർത്തനങ്ങളെപ്പറ്റിപോലും അവർക്ക് കാര്യമായ അറിവ് മിക്കവർക്കും അറിവുണ്ടാകില്ല. MI6, ASIS എന്നൊന്നും കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങിനെ മൊസാദ് ആണ് മികച്ചത് എന്ന അറിവ് പൊതുവിൽ ഉണ്ടായി? അതാണ് മൊസാദിന്റെ നിറംപിടിപ്പിച്ച പ്രൊപ്പഗണ്ട.
മൊസാദിന്റെ പ്രശസ്തിയുടെ വലിയൊരു പങ്ക് മാധ്യമങ്ങളും രാഷ്ട്രീയ പ്രചരണങ്ങളും (Propaganda) വഴി നിർമ്മിക്കപ്പെട്ടതാണ്. ചെറിയ തിയേറ്റർ, വലിയ ശബ്ദം ഇതാണ് മൊസാദിന്റെ തന്ത്രം. രഹസ്യാന്വേഷണ രംഗത്ത് ഭയമുണർത്തുന്ന ഒരു പ്രതിച്ഛായ എന്നത് വലിയൊരു ആസ്തിയാണ്. ചുറ്റും ശത്രുരാജ്യങ്ങളുള്ള ഒരു ചെറിയ രാജ്യത്തെ സംബന്ധിച്ച്, തങ്ങൾ അതീവ ശക്തരാണെന്ന് വരുത്തിതീർക്കുക എന്നത് നിലനിൽപ്പിന്റെ ഭാഗമാണ്. ഇതിനെ വിദഗ്ധർ Deterrence through reputation. എന്ന് വിളിക്കുന്നു. അവർ ലോകത്ത് എവിടെയും കടന്നുചെല്ലാൻ കെൽപ്പുള്ളതാണെന്നും എല്ലാം അറിയുന്നവരാണെന്നും, വിജയിച്ച ഓപ്പറേഷനുകളുടെ ചില വിവരങ്ങൾ മാത്രം പുറത്തുവിടുന്നത് വഴി പ്രത്യേകമായൊരു പ്രതിച്ഛായ നിർമ്മിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു.
മൊസാദ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇസ്രായേലിന് ഭീഷണിയായ ചില വ്യക്തികളെ ഇല്ലാതാക്കുന്നതിലാണ് (Targeted Killings). പലർക്കും ഇത് കേൾക്കാൻ വലിയ താല്പര്യമുള്ള വാർത്തകളാണ്. എന്നാൽ ഇന്ത്യൻ റോ ചെയ്തതുപോലെ ഒരു രാജ്യത്തെ വിഭജിക്കുകയോ അല്ലെങ്കിൽ MI6 ചെയ്യുന്നതുപോലെ ലോകത്തിലെ വൻശക്തികളുടെ നയങ്ങളെ സ്വാധീനിക്കുകയോ ചെയ്യുന്ന വലിയ തന്ത്രപരമായ കളികളിൽ മൊസാദിന്റെ പങ്ക് പരിമിതമാണ്. വളരെ ചെറിയ ഒരു ഏജൻസി ആയ അവർക്ക് 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം മുൻകൂട്ടി അറിയുന്നതിൽ വന്ന വലിയ പരാജയം അവരുടെ ദൗര്ബല്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പരാജയങ്ങൾ മറച്ചുവെക്കലാണ് മറ്റൊരു തന്ത്രം. 1973-ലെ യോം കിപ്പൂർ യുദ്ധത്തിലെ ഇന്റലിജൻസ് പരാജയം, കാനഡയിൽ വെച്ച് നിരപരാധിയായ ഒരു മൊറോക്കൻ വെയ്റ്ററെ അബദ്ധത്തിൽ കൊലപ്പെടുത്തിയ ലില്ലെഹാമർ സംഭവം (1973), ഏറ്റവും ഒടുവിൽ 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം എന്നിവയെല്ലാം മൊസാദിന്റെയും ഇസ്രായേലിന്റെയും സുരക്ഷാ കോട്ടകൾ തകർന്നതിന്റെ വലിയ ഉദാഹരണങ്ങളാണ്. എന്നാൽ ഇവയൊക്കെ അവരുടെ പി.ആർ (PR) തന്ത്രങ്ങൾ വഴി വിസ്മരിക്കപ്പെടുകയാണ് പതിവ്.
ആണ്ടി വലിയ അടിക്കാരനാണ് എന്ന ആണ്ടി തന്നെ പ്രചരിപ്പിക്കുന്ന പരിപാടിയിൽ വിജയിച്ചവരാണ് മൊസാദ്. കാരണം എല്ലാ രാജ്യങ്ങളും (ശത്രു രാജ്യമല്ലെങ്കിൽ) പൊതുവെ രാജ്യങ്ങൾക്ക് ഭീഷിണി ആകുന്ന അന്താരാഷ്‌ട്ര രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷെ, അത് ആദ്യം ലഭിക്കുന്നതും കൂടുതൽ ലഭിക്കുന്നതും കൂടുതൽ ക്രഡിബിലിറ്റി ഉള്ള ഏജൻസികൾക്ക് ആണ്. അതുകൊണ്ട് പൊതുവിൽ പ്രശസ്തരാകേണ്ടത് ഒരു ആവശ്യമാണ്.
ഇസ്രായേലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജിയോപോളിറ്റിക്കൽ സാഹചര്യങ്ങൽ വിഭവപരിമിതികൾ എന്നിവ വളരെ വലുതായിരുന്നു. എന്നിട്ടും 'റോ' കൈവരിച്ച വിജയങ്ങൾ പലപ്പോഴും മൊസാദിന്റെ വിജയങ്ങളേക്കാൾ തന്ത്രപരമായി വളരെ മുന്നിലാണ്.
1971-ലെ കിഴക്കൻ പാകിസ്താൻ വിഭജനം (ബംഗ്ലാദേശ് രൂപീകരണം): ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഓപ്പറേഷനുകളിൽ ഒന്നാണിത്. കിഴക്കൻ പാകിസ്താനിലെ 'മുക്തിബാഹിനി' പ്രസ്ഥാനത്തിന് രഹസ്യമായി പരിശീലനം നൽകിയതും, പാകിസ്‍താൻ സൈന്യത്തിന്റെ നീക്കങ്ങൾ പൂർണ്ണമായി ചോർത്തിയതും, വെറും 13 ദിവസം കൊണ്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് തന്ത്രപരമായ സഹായം നൽകിയതും 'റോ' (R&AW) ആയിരുന്നു.
ചരിത്രത്തിൽ ഇന്ന് വരെ ഒരു വിദേശ ഏജൻസിയും ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച ചരിത്രമില്ല.
സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ (1975) രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ 'റോ'യുടെ അതിസങ്കീർണ്ണമായ നിശബ്ദ ഓപ്പറേഷനുകൾ ഉണ്ടായിരുന്നു. പാകിസ്താന്റെ ഉള്ളിലെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിലും 'റോ' വലിയ പങ്കുവഹിക്കുന്നുണ്ട്.
ദൃശ്യപ്രചാരണത്തിന്റെ അഭാവം ആണ് റോയുടെ എക്കാലത്തെയും സ്വഭാവം. മൊസാദ് ഒരു ഓപ്പറേഷൻ നടത്തിയാൽ അതിനെക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഇറക്കി ലോകമെമ്പാടും വലിയ വാർത്തയാക്കും (ഉദാഹരണത്തിന് 'ഓപറേഷൻ എന്റബെ'). എന്നാൽ 'റോ'യുടെ ആദ്യ തലവനായ ആർ.എൻ. കാവോ വിശ്വസിച്ചിരുന്നത് ഒരു രഹസ്യാന്വേഷണ ഏജൻസിക്ക് പ്രശസ്തി എന്നത് പരാജയത്തിന് തുല്യമാണെന്നാണ്. അതിനാൽ 'റോ' തങ്ങളുടെ വിജയങ്ങൾ എപ്പോഴും രഹസ്യമാക്കി വെച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് MI6 ആണെന്നാണ് പൊതുവിലുള്ള പണ്ഡിത മതം. ചരിത്രകാരന്മാരും ഇന്റലിജൻസ് വിദഗ്ധരും MI6 (Secret Intelligence Service - SIS) ആണ് ലോകത്തിലെ ഏറ്റവും മികച്ച ഏജൻസി എന്ന് പറയാൻ ചില കൃത്യമായ കാരണങ്ങളുണ്ട്: നൂറ്റാണ്ടുകളോളം ലോകം ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അനുഭവസമ്പത്താണ് (Institutional Knowledge) MI6-ന്റെ കരുത്ത്. ലോകത്തിന്റെ എല്ലാ കോണുകളിലും അവർക്ക് ഇന്നും ആഴത്തിലുള്ള രഹസ്യ ശൃംഖലകളുണ്ട്.
മൊസാദിനെപ്പോലെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആളുകളെ കൊല്ലുന്നതിനേക്കാൾ, വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും നയങ്ങളെയും തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കുന്ന അതീവ സങ്കീർണ്ണമായ 'നയതന്ത്ര ചാരപ്രവർത്തനത്തിൽ' (Diplomatic Espionage) MI6 മാസ്റ്റേഴ്സ് ആണ്. അമേരിക്കയുടെ CIA രൂപീകരിക്കുന്നതിന് മാതൃകയായത് ബ്രിട്ടന്റെ ചാരശൃംഖലയായിരുന്നു. ജെയിംസ് ബോണ്ട് സിനിമകൾ വഴി പോപ്പ് കൾച്ചറിൽ അവർക്കും ഇന്നും വലിയ സ്വാധീനമുണ്ട്, എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവർ മൊസാദിനേക്കാൾ അതീവ രഹസ്യ സ്വഭാവം അവർ കാത്ത് സൂക്ഷിക്കുന്നു.
ചുരുക്കത്തിൽ ഇന്ത്യയുടെ 'റോ' (R&AW)-യുടെ വിഭവപരിമിതമെങ്കിലും അതിശക്തമായ തന്ത്രപരമായ വിജയങ്ങളും, ബ്രിട്ടന്റെ 'MI6'-ന്റെ ആഗോള സ്വാധീനവും ആരും അറിയാതെപോയി. ഇസ്രായേൽ ഏജൻസിയായ മൊസാദ് തങ്ങളുടെ വിജയങ്ങളെ വലിയ തോതിൽ പ്രൊപ്പഗണ്ട ആക്കി മാറ്റിയപ്പോൾ, റോ (R&AW) പോലുള്ള ഏജൻസികൾ തങ്ങളുടെ വൻ വിജയങ്ങൾ പോലും പരസ്യപ്പെടുത്താതെ 'നിശബ്ദ പോരാളികൾ' (Silent Warriors) ആയി തുടരാനാണ് ആഗ്രഹിച്ചത്.
To learn more about the latest developments in International Organizations, stay updated with our exclusive reports and analyses on AiLensNews.